Wednesday, 22 February 2017

പഠന പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും :പ്രീ പ്രൈമറി ഹൈസ്കൂൾ അധ്യാപകർക്കൊരു രൂപരേഖ

                                                                           സ്‌റ്റെഫി പൗലോസ്
                                                                    രണ്ടാം വർഷ ബി എഡ് വിദ്യാർത്ഥിനി

ലേഖന സംഗ്രഹം 

           ഓരോ വിദ്യാർഥിക്കും അവരുടെ ബൗദ്ധികവും മാനസികവും ശാരീരികവുമായ വളർച്ചക്ക് അനുസൃതമായ വിദ്യാഭ്യാസമാണ് നൽകപ്പെടുന്നത്. അതാതു ക്ലാസ്സുകളിലെ പാഠ്യപദ്ധതികൾ രൂപീകരിക്കുന്നതും'ഈ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് താനും. എന്നാൽ പാഠ്യവസ്തുവിന്റെ സ്വാംശീകരണം ഓരോ പഠിതാക്കളിലും വ്യത്യസ്‌ത തോതുകളിലാണ് സാധ്യമാകുന്നത്. ഒരേ തലത്തിന്റെ ഒരേ പാഠ്യപദ്ധതിയിൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്ങിലും വിദ്യാർത്ഥികളുടെ പഠനമികവ് ഒരിക്കലും ഒരേ നിലവാരം പുലർത്തുന്നില്ലെന്ന് കാണാം. പ്രീ പ്രൈമറി തലം മുതൽ ഹൈ സ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾ നേരിടുന്ന ബഹുവിധങ്ങളായ  പഠനപ്രശ്ങ്ങളെ കണ്ടെത്തുവാൻ ഈ ലേഖനം ശ്രമിച്ചിരിക്കുന്നു. പറവൂർ സൈന്റ്റ് അലോഷ്യസ് ഹൈസ്കൂളിൽ എട്ടാം തരം പഠിക്കുന്ന ഇരുപത്തിയെട്ടു വിദ്യാർത്ഥികളെ നിരീക്ഷണ വിധേയമാക്കിയും അവരോട് മുഖാമുഖ സംഭാഷണങ്ങൾ നടത്തിയും അതോടൊപ്പം ചില പ്രവർത്തനങ്ങൾ അവർക്ക് നൽകിയുമാണ് വിവിധങ്ങളായ പഠന പ്രശ്നങ്ങളെ കണ്ടെത്തിയത്.പഠനത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ ഓരോ പഠിതാവും അനുഭവിക്കുന്നതായി മനസ്സിലാക്കുവാൻസാധിച്ചു. അവയെ വിശദമായി രേഖപെടുത്തിയിരിക്കുന്നതിനോടൊപ്പം ഇത്തരം പഠനബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള മാർഗങ്ങളും ഈ ലേഖനം മുന്നോട്ടു വയ്ക്കുന്നു.

ആമുഖം 

        ഒരു വിദ്യാർത്ഥി പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനു പലവിധത്തിലുള്ള കാരണങ്ങൾ  കണ്ടെത്താവുന്നതാണ്. അവനു  സ്വന്തമായി പഠിക്കാൻ സാധിക്കാത്തതിനു പിന്നിൽ അവന്റെ അധ്യാപകർ മാതാപിതാക്കൾ തുടങ്ങിയവരുടെ ശരിയായ പിന്തുണക്കുറവ് വലിയൊരു കപ്രശ്നം തന്നെയാണ് . പഠിതാവിന്റെ കുടുംബം കൂട്ടുകാർ ക്ലാസ്സ്മുറി അന്തരീക്ഷം ഇവയെല്ലാം അനുയോജ്യമായിരുന്നാൽ മാത്രമേ ശരിയായ പഠന പ്രക്രിയ പൂർണ്ണമാകൂ. വിദ്യാർത്ഥികളുടെ ശരിയായ രീതിയിലുള്ള  പഠനത്തിനു തടസ്സമായി നിൽക്കുന്ന മുഖ്യമായ ചില പ്രശ്നങ്ങളെ എവിടെ ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന്റെ ആവശ്യകത 

       പഠിതാവിന്റെ പഠന നിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അവൻ കടന്നുവരുന്ന കുടുംബം പഠിക്കുന്ന വിദ്യാലയം അദ്ധ്യാപകൻ മറ്റു പഠന സാഹചര്യങ്ങൾ ഇവയെല്ലാം ഓരോ വിദ്യാര്ഥിയുടെയും മികവിനെ ആഴത്തിൽ സ്വാധീനിക്കുന്നു. ഈ ഘടകങ്ങളിൽ എവിടെയെങ്കിലും സംഭവിക്കുന്ന പാകപ്പിഴവുകൾ അവന്റെ പഠന പുരോഗതിയെ ദോഷകരമായി ബാധിക്കുന്നു. 

    കുട്ടികളുടെ പഠന നിലവാരത്തെ പരിശോധിച്ച് വിലയിരുത്തേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്വമാണ് .പഠനവൈകല്യങ്ങൾ മാനസിക പ്രശ്നങ്ങൾ ശാരീരികബുദ്ധിമുട്ടുകൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ഒരു വിദ്യാർത്ഥിയുടെ പഠനം മോശകരമാകാം. ഈ കരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ അവരെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.

    പ്രീ പ്രൈമറി തലം മുതൽ ഹൈ സ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് മുതിർന്നവരുടെ ശ്രദ്ധ പ്രത്യേകമായി ലഭിക്കേണ്ടത് ആണ്. ഈലേഖനത്തിലൂടെ പഠന കാര്യത്തിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാൻ ആകുന്നു .അവക്ക് ഉചിതമായ തിരുത്തലുകൾ പരിഹാര മാർഗങ്ങൾ തുടങ്ങിയവ നടപ്പിൽ വരുത്താനാകുന്നു . ഇത്തരത്തിൽ പഠിതാവിന്റെ പഠനമികവിനെ മെച്ചപ്പെടുത്താൻ ഈ ലേഖനം മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ സഹായകരമായിത്തീരുന്നു. 

ഠന ലക്ഷ്യങ്ങൾ 
  •  പ്രീ പ്രൈമറി മുതൽ ഹൈ സ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന പഠന പ്രശ്നങ്ങൾ തിരിച്ചറിയുക 
  • വിദ്യാർത്ഥികളുടെ പഠന പ്രശ്നങ്ങളെ തിരിച്ചറിയുവാൻ മാതാപിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുക 
  • പഠിതാവിന്റെ പഠന പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ   കണ്ടെത്തുക.പഠന വൈകല്യങ്ങൾ അനുഭവിക്കുന്ന പഠിതാവിനെ തിരിച്ചറിഞ്ഞു വേണ്ട വൈദ്യ സഹായം നൽകുക.
  • അഭിപ്രേരണ നൽകി പഠിതാവിന്റെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുക .
രീതിശാസ്ത്രം 

     പറവൂർ സൈന്റ്റ് അലോഷ്യസ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളിൽ നിന്നും 28 വിദ്യാർത്ഥികളെ പ്രത്യേകമായി തെരഞ്ഞെടുത്തു. അവരെ ഒരു മാസത്തോളം പഠന സാഹചര്യങ്ങളിൽ നിരീക്ഷണ വിധേയമാക്കിയും അവരുമായി മുഖാമുഖ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഒപ്പം തന്നെ ചില പ്രത്യേക ചോദ്യാവലികൾക്കുള്ള ഉത്തരങ്ങൾ അവരിൽ നിന്നും ശേഖരിക്കുകയും ഉണ്ടായി. ഇങ്ങനെ ലഭിച്ച വിവരങ്ങളെ വിശദമായ വിലയിരുത്തലിന് വിധേയമാക്കി. പഠിതാക്കൾ നേരിടുന്ന നിരവധി പഠന പ്രശ്നങ്ങളെ ഈ വിലയിരുത്തലിലൂടെ കണ്ടെത്താൻ സാധിച്ചു. 

അപഗ്രഥനം  

  1.    വ്യക്തിപരമായി ലഭിക്കേണ്ട പരിഗണനയുടെഅഭാവം                                                                                                                                                                                                     എല്ലാ കുട്ടികളുടെയും   ബൗദ്ധീക നിലവാരം ഒന്നു പോലെയല്ല . വ്യത്യസ്ത ബൗദ്ധീക നിലവാരം പുലർത്തുന്ന കുട്ടികളുടെ ഒരു കൂട്ടമാണ്  ക്ലാസ് മുറിയും . ചിലർക്ക് ഗണിതത്തോട് താൽപര്യം കുറയും ഭാഷയോട് താല്പര്യം ഉണ്ടാകും. മറ്റു ചിലർക്ക് നേരെ മറിച്ചും. ഇത്തരത്തിലുള്ള   താൽപര്യകുറവും കൂടുതലും പ്രത്യേക വിഷയങ്ങൾ പഠിക്കുന്നതിൽ നിന്നും കുട്ടികളെ അകറ്റുകയും അടുപ്പിക്കുകയും ചെയ്യുന്നു.ഈ വസ്തുത തിരിച്ചറിഞ്ഞു ഓരോ വിദ്യാര്ഥികളോടും അനുസൃതമായ രീതിയിൽ അധ്യാപകരും മാതാപിതാക്കളും ഇടപെടേണ്ടതുണ്ട്. കുട്ടിക്ക് താൽപര്യം കുറഞ്ഞ വിഷയങ്ങളും മേഖലകളും അവർ കണ്ടെത്തി കൂടുതൽ സമയം ചെലവഴിച്ച്‌  ആ പ്രത്യേക വിഷയം/ മേഖലയോട് കുട്ടിക്ക് അടുപ്പം   ഉണ്ടാക്കിയെടുക്കാൻ അധ്യാപകർ ശ്രമിക്കണം.എല്ലാ വിദ്യാര്ഥികളോടും ഒരേ തരത്തിൽ  ഇടപെടാതെ വ്യക്തിപരമായ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അതാതു വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകണം . ഇത്തരത്തിലുള്ള പ്രത്യേക ശ്രദ്ധയുടെയും പരിഗണയുടെയും അഭാവത്തിൽ നിശ്ചിത പാഠ്യവസ്തുവിനെ പഠിക്കാതെ ഉപേക്ഷിക്കാൻ കുട്ടികൾ മുതിരുന്നു.
  2. ശരിയായ രീതിയിൽ ബോർഡെഴുത്ത് കാണാൻ സാധിക്കാത്തത്                            മുപ്പതു മുതൽ നാൽപ്പതു വരെ കുട്ടികളാണ് സാധാരണയായി ഒരു ക്ലാസ് മുറിയിൽ ഉണ്ടായിരിക്കുക. ഇത്രയും കുട്ടികൾക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്ന വിധത്തിൽ ബ്ലാക്ക് ബോർഡ് സ്‌ഥാപിക്കാതെ വരുന്നത് ചില കുട്ടികളെ പഠനത്തിൽ പിന്നോക്കം നിർത്തുണ്ട്. ബോർഡിലെഴുതുന്നത് കൃത്യമായ രീതിയിൽ കാണാൻ സാധിക്കാതെയായതിനാൽ അവൻ അത് കുറിച്ചെടുക്കാതെ അശ്രദ്ധനായി സമയം ചെലവഴിക്കാനിടയാകുന്നു. തന്മൂലം പാഠ്യവസ്തു മനസിലാക്കാൻ കഴിയാതെ വരുന്നു.ഇതിനു പുറമെ ഹൃസ്വദൃഷ്‌ടി എന്നീ നേത്ര വൈകല്യങ്ങൾ ബാധിച്ച കുട്ടികൾക്കും ബാർഡിലെഴുത്ത് സുഗമമായി കാണാനാകില്ല.
  3. ശരിയായ ക്ലാസ്സ്മുറി അന്തരീക്ഷത്തിന്റെ അഭാവം                                                             ഇടുങ്ങിയതും തീരെ ചെറുതുമായ ക്ലാസ് മുറിയിൽ അധികസമയം ശ്രദ്ധയോടെയിരിക്കാൻ കുട്ടികൾക്ക് സാധിച്ചെന്ന് വരില്ല. ശുദ്ധ വായു, കാറ്റ് , പ്രകാശം എന്നിവ ആവശ്യമായ അളവിൽ ഓരോ ക്ലാസ് മുറിയിലും ലഭ്യമാകേണ്ടതുണ്ട്. കുട്ടികളുടെ ഇരിപ്പിടങ്ങളിൽ തിങ്ങിയിരിക്കുന്നത് അവരിൽ അസ്വസ്ഥത ഉണ്ടാക്കാനിടയാകുന്നു. മാത്രമല്ല ചുറ്റുവട്ടമുള്ള ക്ലാസ്സുകളിൽ നിന്നും അമിതമായ രീതിയിൽ ഉയർന്നു കേൾക്കുന്ന ശബ്ദകോലാഹലങ്ങൾ  പഠനത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധയെ തിരിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ്.
  4. കുട്ടികളുടെ ക്രമാതീതമായ എണ്ണം                                                                                                           മുൻ സൂചിപ്പിച്ചതുപോലെ നിശ്ചിത എണ്ണത്തിലധികം കുട്ടികൾ ക്ലാസ്സിൽ ഉണ്ടായാൽ അധ്യാപകർക്ക് എല്ലാവരെയും വേണ്ട വിധത്തിൽ ശ്രദ്ധിക്കാനാകില്ല.മാത്രമല്ല തിങ്ങിയിരിക്കുന്ന കുട്ടികൾക്കിടയിൽ സദാ അസ്വസ്‌ഥതകൾ ഉണ്ടാകുകയും ചെയ്യും.
  5.  ഭാഷാപരമായ ബുദ്ധിമുട്ടുകൾ                                                                                                   ക്ലാസ് മുറിക്കുള്ളിൽ ഇന്ന് സാധാരണയായി ഇംഗ്ലീഷ് തുടങ്ങിയ ഭാഷയുടെ അധികമായ ഉപയോഗം കാണാനിടയുണ്ട്. ചില പ്രത്യേക വാക്കുകൾ ഇംഗ്ലീഷിൽ പറയുമ്പോഴും ചില ആശയങ്ങളെ ഇതര ഭാഷയിൽ പരിചയപെടുത്തുമ്പോഴും അതാതു ഭാഷയിൽ പ്രാവീണ്യം കുറഞ്ഞു കുട്ടികൾക്ക് അവ കൃത്യമായി മനസിലാക്കുവാൻ സാധിക്കുന്നില്ല .ഇംഗ്ലീഷ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ എഴുത്തുകൾ നടത്തുമ്പോഴും അക്ഷരത്തെറ്റുകളും വേഗതകുറവുമെല്ലാം സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന ബുദ്ധിമുട്ടുകളാണ്. കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങളും അവരുടെ മനസിലെ ആശയങ്ങളും ശരിയായ രീതിയിൽ അവതരിപ്പിക്കുവാൻ ഇത്തരത്തിലുള്ള ഭാഷയിലെ പ്രാവീണ്യകുറവ് തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
  6. ബഹുവിധ സംസ്കാരങ്ങളുടെ കലർപ്പുകൾ                                                                           വിവിധ ദേശങ്ങളിൽ നിന്നും ഇന്ത്യയിലെ തന്നെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളുടെ കുട്ടികൾ വിദ്യാലയങ്ങളിൽ പഠിക്കാനായി കടന്നുവരുന്നുണ്ട്. ഇവരുടെ ആശയ വിനിമയത്തിന് ഭാഷ തടസം സൃഷ്ടിക്കുന്നു. വസ്തുതകളെ ശരിയായ രീതിയിൽ അത്തരം വിദ്യാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിക്കുവാൻ അധ്യാപകർക്കും പറയുന്ന കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാൻ അത്തരം വിദ്യാർഥികർക്കും സാധിക്കാതെ വരുന്നു.
  7.    വിഷയങ്ങളിലുള്ള താൽപര്യക്കുറവ്                                                                                   എല്ലാ വിദ്യാർത്ഥികൾക്കും തങ്ങൾ പഠിക്കുന്ന എല്ലാ വിഷയങ്ങളോടും ഒരുപോലെ താല്പര്യം ഉണ്ടാകണമെന്നില്ല. സാധാരണയായി ഗണിതം ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് താല്പര്യക്കുറവും എന്നാൽ ഇംഗ്ലീഷ് മലയാളം തുടങ്ങിയ ഭാഷാവിഷയങ്ങളോട് താല്പര്യ കൂടുതലും കണ്ടുവരുന്നു.
  8. അദ്ധ്യാപികയുടെ പരിഗണ കുറവ്                                                                                   കുട്ടികളുടെ കഴിവുകളും കഴിവ്‌കേടുകളും കണ്ടെത്താതെ പാഠ്യവിഷയങ്ങളിൽ മാത്രം ശ്രദ്ധയുറപ്പിച്ച് അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകരെ കണ്ടെത്താനാകുന്നു.തന്മൂലം ആശയങ്ങളെ ശരിയായ രീതിയിൽ എല്ലാ കുട്ടികൾക്കും ഗ്രഹിക്കാൻ ആകാതെ വരികയും ആവശ്യങ്ങളോട് ഇഷ്ടക്കുറവുണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
  9. വൈകാരികമായ പ്രശ്നങ്ങൾ                                                                                                  ചില കുട്ടികൾ തങ്ങളുടെ പഠനത്തെ സംബന്ധിച്ച് സദാ ഉത്കണ്ഠകുലരായിരിക്കും.ചോദ്യം ചോദിക്കൽ പരീക്ഷ തുടങ്ങിയയെ ഭയപ്പാടോടു കൂടി കാണുകയും ആ സമയങ്ങളിൽ പ്രത്യേക രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. പഠനം നന്നായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ആവശ്യസമയത്ത് ശരിയായ രീതിയിൽ അതിനെ ഉപയോടപെടുത്താൻ ഇത്തരം അമിതമായ ഉത്കണ്ഠകൾ തടസ്സം നിൽക്കുന്നു. പഠിച്ച വസ്തുതകൾ പോലും യഥാവിധം ഓർത്തെടുക്കാൻ ഇത്തരത്തിലുള്ളവർക്ക് സാധിക്കാതെ പോകുന്നു. 
  10. സദാ പ്രവർത്തന നിരതരായ കുട്ടികൾ                                                                              അശ്രദ്ധ ക്ലാസ്സിൽ ഇരിക്കുകയും  സദാ സമയം പ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോഴും ചെയ്യുന്ന കുട്ടികളെ ക്ലാസ്സ്മുറിയിൽ കാണാനാകും. അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്ന വേളയിൽ തന്റേതായ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഇവർ മറ്റു കുട്ടികളുടെ ശ്രദ്ധ കൂടി നഷ്ടപ്പെടുത്തുന്നു.
  11. അടിസ്ഥാന വിവരങ്ങളുടെ അറിവില്ലായ്മ                                                                       കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അടിസ്‌ഥാന അറിവുകളെ ശരിയായ രീതിയിൽ മനസ്സിലാക്കാത്തത് മൂലം തുടർന്ന് വരുന്ന ക്ലാസ്സുകളിൽ ആ അറിവുകൾ ഉപയോഗിച്ചുള്ള വലിയ പഠനപ്രവർത്തങ്ങൾ നിർവഹിക്കുവാൻ സാധിക്കാതെയാകുന്നു.                                                                    ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ കുട്ടികൾ തങ്ങളുടെ പഠനകാര്യത്തിൽ നേരിടേണ്ടി വരുന്നുണ്ട്. പൊതുവായി കാണുന്ന ചില പ്രശ്നങ്ങൾ മാത്രമാണ് എവിടെ അവതരിപ്പിച്ചത്.
പ്രധാന കണ്ടെത്തലുകൾ , പരിഹാര മാർഗ്ഗങ്ങൾ      

  • വിദ്യാലയചുറ്റുപാടുകൾ വീടുപരിസരം എന്നിങ്ങനെ രണ്ടിടങ്ങളിൽ നിന്നുള്ള കാരണങ്ങൾ  വിദ്യാർത്ഥികൾക്ക് പഠന പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടെന്ന് മനസിലാക്കുവാൻ സാധിച്ചു .
  • അദ്ധ്യാപകരുടെ വ്യക്തിപരമായ പരിഗണനയുണ്ടെങ്കിൽ ഇവയിൽ ഭൂരിഭാഗം പ്രശ്നങ്ങളും ഒഴിവാക്കുവാൻ കഴിയുന്നതാണ് 
  • ക്ലാസ്സ്മുറി അന്തരീക്ഷം ശരിയായ രീതിയിൽ ക്രമീകരിച്ചും മതിലുകൾ ഉപയോഗിച്ച് ക്ലാസ്സ്മുറികളെ വേർതിരിച്ചും ഒരു പരിധിവരെ ക്ലാസ്സ്മുറിയെ സ്വസ്ഥമാക്കാവുന്നതാണ്.
  • ബോർഡിൻറെ ക്രമീകരണം എല്ലാ കുട്ടികൾക്കും കാണാൻ സാധിക്കുന്ന ത്രത്തിലാകണം.
  • നേത്ര'വൈകല്യങ്ങൾ കണ്ടുപിക്കുവാൻ മെഡിക്കൽ പരിശോധനകൾ ഇടയ്ക്കിടെ കുട്ടികൾക്കായി നൽകുന്നത് ഉചിതമായിരിക്കും .
  • ഇംഗ്ലീഷ് , ഹിന്ദി തുടങ്ങിയ ഭാഷകളിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകസമയം കണ്ടെത്തി അദ്ധ്യാപകർ അവർക്കു പരിശീലനം നൽകുന്നത് ഉചിതമായിരിക്കും.
  • കുട്ടികളുടെ അമിതോല്കണ്ഠ പരീക്ഷാഭയം തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ്.
  • കുട്ടികളുടെ വീടിന്റെ അന്തരീക്ഷം ഏതുവിധത്തിലെന്നു ശ്രദ്ധിക്കാനുള്ള കടമ കൂടി അധ്യാപകർക്കുണ്ട് 
  • പഠനത്തിന് തടസമായി വീട്ടിൽ നിലനിൽക്കുന്ന അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരു പോലെ ചുമതലയുണ്ട് .
ഉപസംഹാരം 

        പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കാലഘട്ടം പഠിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധ ലഭിക്കേണ്ട കാലയളവ് തന്നെയാണ്. കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നുമാണ് കുട്ടികൾക്ക് പരിഗണന ലഭിക്കേണ്ടത്. ഇത്തരം ശ്രദ്ധ ചെലുത്തലുകളിലൂടെ കുട്ടികളുടെ പഠന പ്രശ്നങ്ങളെ കണ്ടെത്താൻ  സാധിക്കുമെന്നതിൽ സംശയമില്ല. എല്ലാത്തരം പഠന പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാര മാർഗ്ഗങ്ങളും കണ്ടെത്താൻ ആകും. അതിനാൽ നമ്മുടെ കുട്ടികളെ അവർക്കാവശ്യമായ പരിചരണവും ശ്രദ്ധയും കൊടുത്തു വളർത്തുക. വിദ്യാഭ്യാസത്തിലൂടെ ഉന്നതിയുടെ കൊടുമുടിയിൽ എത്താൻ അവർക്കാകട്ടെ...

സഹായക ഗ്രന്ഥങ്ങൾ  

  1. The Psychology of the Child - Jean Pignet                                                                                      
  2. Hand book of Pediatric Psychology - Michael C Roberts

    പഠന പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും :പ്രീ പ്രൈമറി ഹൈസ്കൂൾ അധ്യാപകർക്കൊരു രൂപരേഖ  


No comments:

Post a Comment